---
title: "കോളേജ് വിദ്യാർഥിനിയോട് സംസാരിച്ചതിന് ആക്രമണം - മൂന്ന് പ്രതികൾക്ക് തടവും പിഴയും"
english_title: "Attack on college student for talking to her - Three accused sentenced to prison and fined"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311066/Attack on college student for talking to her - Three accused sentenced to prison and fined"
published_at: "2025-08-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോളേജ് വിദ്യാർഥിനിയോട് സംസാരിച്ചതിന് ആക്രമണം - മൂന്ന് പ്രതികൾക്ക് തടവും പിഴയും

> **Lead Summary:** തളിപ്പറമ്പ്: സഹപാഠിയായ അന്യസമുദായക്കാരിയോട് സംസാരിച്ചതിനെ തുടർന്നു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ഒൻപത് വർഷം ഒൻപത് മാസം വീതം തടവും 48,000 രൂപ പിഴയും കോടതി വിധിച്ചു.

## Article Content

തളിപ്പറമ്പ്: സഹപാഠിയായ അന്യസമുദായക്കാരിയോട് സംസാരിച്ചതിനെ തുടർന്നു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ഒൻപത് വർഷം ഒൻപത് മാസം വീതം തടവും 48,000 രൂപ പിഴയും കോടതി വിധിച്ചു.

തളിപ്പറമ്പ് മാർക്കറ്റ് റോഡ് ചുള്ളിയോടൻ പോറ്റിച്ചി വീട്ടിൽ സി.പി. മുഹമ്മദ് താഹ (34), ആലംകുളം മണ്ടേൻ കണ്ടിരകത്ത് വീട്ടിൽ എം.കെ. മജീദ് (42), ഫാറൂഖ് നഗർ കൊടിയിൽ വീട്ടിൽ കെ. താഹ യാസിൻ (33) എന്നിവർക്ക് തലശ്ശേരി സെഷൻസ് ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷ വിധിച്ചു.

അഞ്ചു പ്രതികളുള്ള കേസിൽ രണ്ടാമത്തെ പ്രതി കായക്കുൽ തിരുവട്ടൂരിലെ മൻസൂർ ഒളിവിലായതിനാൽ കേസിൻ്റെ വിചാരണ പിന്നീട് തുടരും. അഞ്ചാം പ്രതിയായ സൻജിദ് സയ്യിദ് കുറ്റക്കാരനല്ലെന്ന് കോടതി വെറുതെ വിട്ടു.

സംഭവം 2017 ഏപ്രിൽ 4ന് ഉച്ചയ്ക്ക് ഒന്നുമണിയോടെയാണ് നടന്നത്. തളിപ്പറമ്പ് മന്ന മൺറോഡ് കവലയിൽ ആലക്കോട് ബസ് സ്റ്റോപ്പിന് സമീപം നിന്നിരുന്ന സർ സയ്യിദ് കോളേജ് ഒന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി ലാൽജിത്തിനെ പ്രതികൾ കാറിൽ കയറ്റി സമീപത്തെ മൈതാനത്ത് കൊണ്ടുപോയി. ജാതിപ്പേർ വിളിച്ച് മർദിക്കുകയും മൊബൈൽ ഫോണും 450 രൂപയും കവർച്ച ചെയ്യുകയും ചെയ്‌തതായി പരാതിയിലുണ്ട്.

കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി. അന്വേഷണം ഡിവൈഎസ്പി കെ.വി. വേണുഗോപാൽ നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311066/Attack on college student for talking to her - Three accused sentenced to prison and fined)